ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ജാമ്യം തേടി പ്രതി അനുശാന്തി സമർപ്പിച്ച ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ട്. കണ്ണിന് കാഴ്‌ച നഷ്‌ടമായത് പൊലീസിന്റെ അതിക്രമം കാരണമാണെന്ന ആരോപണം വ്യാജമാണെന്നും സർക്കാർ സമർപ്പിച്ച സത്യവാംഗ്‌മൂലത്തിൽ പറയുന്നുണ്ട്.നാളെയാണ് കേസുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്. അതിന് മുന്നോടിയായാണ് സംസ്ഥാന സർക്കാർ മറുപടി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കർ ആണ് ഹർജിയിൽ മറുപടി നൽകിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും അനുശാന്തിക്ക് ശിക്ഷ വിധിച്ചത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ഉൾപ്പെടെ വിധിച്ചത് എന്നും സത്യവാംഗ്‌മൂലത്തിൽ പറഞ്ഞിട്ടുണ്ട്.പൊലീസിന്റെ അതിക്രമം കാരണം കാഴ്‌ച നഷ‌്‌ടപ്പെട്ടുവെന്നും ചികിത്സയ്‌ക്കായി ശിക്ഷ റദ്ദാക്കണമെന്നാണ് അനുശാന്തി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്നും കോടതിയുടെ ദയ പിടിച്ചുപറ്റി അനുകൂലമായ വിധിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. അനുശാന്തിയുടെ ശിക്ഷ റദ്ദാക്കരുത്. അവരുടെ മുൻകാല ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.2014 ഏപ്രിലിലായിരുന്നു നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലിൽ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസുള്ള മകളും ഭർതൃമാതാവുമാണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടം ടെക്നോപാർക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകൻ നിനോ മാത്യുവും ഗൂഢാലോചന നടത്തി ക്രൂരകൃത്യം നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നിനോ മാത്യുവിന് വിചാരണക്കോടതി നൽകിയ വധശിക്ഷ കേരള ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചിരുന്നു. 25 വർഷം പരോളില്ലാതെ തടവ് അനുഭവിക്കണമെന്നും നിർദ്ദേശിച്ചു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവച്ചു.