കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായ അപകടത്തില്‍ അറസ്റ്റിലായ പി എസ് ജനീഷ് കുമാറിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് സുരക്ഷയൊരുക്കാതെ കെട്ടിയ വേദിയില്‍ നിന്നും വീണ് ഉമാ തോമസിന് പരിക്കേറ്റത്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് പി എസ് ജനീഷ്.തൃശൂരില്‍ വെച്ചായിരുന്നു ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് തൃശൂരിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്.സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ മൃദംഗവിഷന്‍ സിഇഒ ഷമീര്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.