തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ ഗോപന്‍ സ്വാമി(78)യുടെ മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക.സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറയുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യമുണ്ടായിരുന്നു.തൊഴിലാളിയായ ഗോപൻ്റെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നുവെന്നും കിടപ്പിലായിരുന്നുവെന്നുമാണ് അടുത്ത ബന്ധു നൽകിയ മൊഴി. എന്നാൽ മകൻ പറയുന്നത് ഗോപൻ 11 മണിയോടെ തനിയെ നടന്ന് പോയി സമാധിയിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ കുടുംബം പറയുന്നത് 11.30 യോടെ ഗോപൻ സമാധിയായെന്നാണ്.കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10:00 മണിയോടെ സമാധിയാകാൻ സമയമായെന്ന് അറിയിച്ച് ഗോപൻ സ്വാമി വീടിനുമുന്നിലെ കല്ലിൽ തീർത്ത സ്ഥലത്തേക്ക് പോയി ഇരുന്നതായും തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ശരീരം നിശ്ചലമായതോടെ 15 മണിക്കൂറിലേറെ നീണ്ട പൂജാകർമ്മങ്ങൾക്ക് ശേഷം സംസ്കാരം നടത്തിയെന്നുമാണ് മകൻ രാജശേഖരൻ പറഞ്ഞത്. മക്കൾ സനന്ദനും പൂജാരിയായ രാജസേനനും ചേർന്നാണ് ഗോപൻ സ്വാമിയേ ഇരുത്തി സംസ്കാരം നടത്തിയത്.