കൊല്ലം ചിതറയിൽ പോക്‌സോ കേസിൽ യുവാവ് പിടിയിൽ. പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്. പതിനാറാമത്തെ വയസ് മുതൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2023ലാണ് പെൺകുട്ടിയെ ഒരു വിവാഹ സൽക്കാരത്തിനിടെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും അടുപ്പത്തിലായെന്നും പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചെന്നുമാണ് കേസ്. പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ച് നൽകി ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പൊലീസ് കേസെടുത്തത്.
അതേസമയം, എട്ടുവയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി ഒൻപത് വർഷത്തിന് ശേഷം പൊലീസ് പിടിയിൽ. 2016ൽ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പള്ളുരുത്തി സ്വദേശി ജസ്റ്റിൻ ആണ് പിടിയിലായത്.
പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അരൂർ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ ആയില്ല. സംഭവത്തിന് ശേഷം മഹാരാഷ്ട്ര, പൂനെ, കാർവാർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലെ ഒരു ഹോട്ടലിൽ ജോലി നോക്കി വരവേയാണ് പൊലീസ് പിടികൂടിയത്.