മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങി(92)ന് യമുനാതീരത്തെ നിഗംബോധ്ഘാട്ടില്‍ അന്ത്യ വിശ്രമം. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പുതുയുഗത്തിന് തുടക്കംകുറിച്ച, ജനക്ഷേമപദ്ധതികളിലൂടെ ഒരു പതിറ്റാണ്ട് രാജ്യത്തെ നയിച്ച മന്‍മോഹന്‍ ഇനി ദീപ്തമായ ഓര്‍മ. യമുനാതീരത്തെ നിഗംബോധ്ഘാട്ടില്‍ സേന അവസാന ആദരവ് നല്‍കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു.രാവിലെ ഒന്‍പതുമണിയോടെ ഭൗതികശരീരം വസതിയില്‍ നിന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി , കെ.സി വേണുഗോപാല്‍ , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. മുഖ്യമന്ത്രിമാരടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിച്ചു. മന്‍മോഹന്‍ സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് സംസ്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ്ഘാട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്.വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ മന്‍മോഹന്‍ സിങിനെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം അദ്ദേഹം രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന മന്‍മോഹന്‍ സാമ്പത്തിക വിദഗ്ധന്‍ എന്നതിലുപരി രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെട്ടിരുന്നത്. റിസർവ് ബാങ്ക് ഗവർണറായും , ഐഎംഎഫിന്‍റെ ഇന്ത്യയിലെ ഡയറക്‌ടറായും, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും, നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും, രാജ്യസഭാ പ്രതിപക്ഷ നേതാവായുമെല്ലാം ആ നേതൃപാടവം രാജ്യം കണ്ടു. 1987ൽ രാജ്യം പത്മവിഭൂഷൺ നൽകി മന്‍മോഹന്‍ സിങിനെ ആദരിച്ചു. ഗുർശരൺ കൗറാണ് ഭാര്യ. ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരാണ് മക്കള്‍. നിലവിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26 നായിരുന്നു മൻമോഹന്റെ ജനനം. പിതാവ് ഗുർമുഖ് സിങ്, മാതാവ് അമൃത് കൗർ. ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിതാവിന്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മൻമോഹൻ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറുകയായിരുന്നു.