വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെയും അവരുടെ സഹോദരനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലാണ് സംഭവം. തിരുമല പുന്നക്കാമുകൾ കല്ലറമഠം ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന സിങ്കം ധനേഷ് എന്ന എം ധനേഷ് (40), തിരുമല മുതിയൂർവിള വീട്ടിൽ മനോജ് ശേഖർ ( 38) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി മനോജ് ശേഖർ തിരുമല സ്വദേശിനി ബീനയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നു. ശല്യം അസഹനീയമായപ്പോൾ, ബീനയുടെ സഹോദരൻ രാധാകൃഷ്ണൻ മനോജ് ശേഖറിനെ വിളിച്ച് ഇനി ഇതാവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. അതിന്റെ വിരോധത്തിലാണ് കൂട്ടുകാരനായ സിങ്കം ധനേഷിനെ വിളിച്ചുവരുത്തി ബീനയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ബീനയുടെ വിരൽ വേർപെട്ട് പോവുകയും സഹോദരന് കഴുത്തിൽ ആഴത്തിൽ വേട്ടേൽക്കുകയും ചെയ്തു. പ്രതികൾ രക്ഷപ്പെടുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് പൂജപ്പുര പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.പൂജപ്പുര പൊലീസ് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.