കണ്ണൂർ പന്നേൻപാറയിൽ ട്രെയിൻ കടന്നുപോകവേ റെയിൽവേ ട്രാക്കിൽ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പവിത്രൻ ട്വന്റിഫോറിനോട്. ‘ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ല, മദ്യപിച്ചിട്ടല്ല ട്രാക്കിലൂടെ നടന്നത്. ട്രെയിൻ വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് ഓടി മാറാൻ കഴിഞ്ഞിരുന്നില്ല അതുകൊണ്ടാണ് ട്രാക്കിൽ തന്നെ കമിഴ്ന്ന് കിടന്നത്, മദ്യപിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നും ‘ പവിത്രൻ പറഞ്ഞു.ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പന്നേൻ പാറ റെയിൽവേ ഗേറ്റിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. കണ്ടവരെല്ലാം തലയില്‍ കൈവെച്ച അവസ്ഥ. അതിവേഗത്തില്‍ പോകുന്ന ട്രെയിനിനടിയില്‍ ഇയാള്‍ എങ്ങനെ പെട്ടുപോയെന്നാണ് എല്ലാവരും ചിന്തിച്ചത്. എന്നാൽ സ്കൂൾ ബസിലെ ക്ളീനറായി ജോലി ചെയ്യുന്ന പവിത്രൻ തിരികെ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ട്രെയിനിന്റെ മുന്നിൽ പെടുന്നത്. എല്ലാ ദിവസവും താൻ ഇതേ വഴിയിലൂടെയാണ് നടന്നുപോകാറുള്ളതെന്നും എന്നാൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതിനാലാണ് തനിക്ക് ഈ അബദ്ധം പറ്റിപോയതെന്നും പവിത്രൻ കൂട്ടിച്ചേർത്തു. അതേസമയം, ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും പവിത്രൻ അറിഞ്ഞില്ലെന്ന് ദൃശ്യങ്ങൾ പകർത്തിയ ശ്രീജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. ട്രെയിനിന്റെ ഹോൺ കേട്ടപ്പോഴാണ് പാളത്തിലൂടെ നടക്കുകയായിരുന്ന പവിത്രൻ മൊബൈൽ ഫോൺ താഴെ വെച്ച് കിടന്നത്. ട്രെയിനിന്റെ 4 ബോഗികൾ പാസ് ചെയ്‌തത് പോയതിന് ശേഷമാണ് താൻ ദൃശ്യങ്ങൾ പകർത്തിയതെന്നും ശേഷം ട്രെയിൻ പോയതിന് ശേഷം പവിത്രൻ നടന്ന പോകുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.









