പൊന്മുടി: പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു പുതുവർഷസമ്മാനമായി ഗസ്റ്റ്ഹൗസും കഫ്റ്റീരിയയും നവീകരിച്ച ക്യാമ്പ് ഷെഡ്ഡും തുറക്കുന്നു. രണ്ടുകോടി രൂപയിൽ തുടങ്ങിയ ഗസ്റ്റ് ഹൗസാണ് പത്തുവർഷം പിന്നിടുമ്പോൾ 16 കോടി ചെലവിട്ട് പൂർത്തിയാക്കിയത്. നിർമാണകാലത്തിനിടെ പലവട്ടമാണ് കരാർ പുതുക്കിയത്. ഓരോതവണയും അനുവദിച്ചത് കോടികൾ.പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കു താമസസൗകര്യമില്ലെന്ന നിരന്തരമായ പരാതിയെത്തുടർന്നാണ് 2014-ൽ ഗസ്റ്റ്ഹൗസിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. കെട്ടിടത്തിന്റെ പണിക്കായി തിരുവിതാംകൂർ രാജാക്കൻമാർ നിർമിച്ചിരുന്ന വേനൽക്കാല വസതി ആദ്യംതന്നെ ഇടിച്ചുനിരത്തി. കുട്ടികളുടെ പാർക്ക് പൊളിച്ചുമാറ്റി. മനോഹര ശില്പമായ സ്ലീപ്പിങ് ബ്യൂട്ടി മണ്ണിട്ടുമൂടി.2016-ൽ ആദ്യഘട്ട പണി നിലച്ചു. 3.5 കോടി രൂപ കരാർ പുതുക്കിയതോടെ വീണ്ടും നിർമാണപ്രവർത്തനം തുടങ്ങി. രണ്ടാംഘട്ട പണി ഒരു വർഷത്തിനുള്ളിൽ വീണ്ടും നിലച്ചു. അപ്പോഴും സർക്കാർ ഇടപെട്ട് രണ്ടു ഘട്ടങ്ങളിലായി ഏഴു കോടി രൂപകൂടി അനുവദിക്കുകയായിരുന്നു.22 മുറികളോടെ മൂന്നുനിലകളിലായിട്ടാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 22 മുറികളും ശീതീകരിച്ചവയാണ്. ഇതിൽ ആറെണ്ണം സ്യൂട്ട് റൂമുകളാണ്. കൂടാതെ 80 പേരെ ഉൾക്കൊള്ളാവുന്ന കോൺഫറൻസ് ഹാളും രണ്ട് അടുക്കളയുമുണ്ട്.പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നവീകരിച്ച പൊൻമുടിയിലെ റസ്റ്റ് ഹൗസി(ക്യാമ്പ് ഷെഡ്ഡ്)ന്റെയും പുതുതായി നിർമിച്ച കഫ്റ്റീരിയയുടെയും ഉദ്ഘാടനം 31-ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊൻമുടിയിൽ നിർവഹിക്കും. ഡി.കെ.മുരളി എം.എൽ.എ. അധ്യക്ഷത വഹിക്കും. 78 ലക്ഷം രൂപ ചെലവിട്ടാണ് നിലവിലെ മന്ദിരം പുതുക്കിയത്.നവീകരിച്ച അഞ്ച് മുറികളിൽ ഒരെണ്ണം എ.സി.യാണ്. ആധുനികരീതിയിൽ ബാത്ത് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. കഫ്റ്റീരിയ കൂടി വരുന്നതോടെ പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികൾ ഭക്ഷണത്തിനുവേണ്ടി ഇനി അലയേണ്ടിവരില്ല.ഇതിനോടനുബന്ധിച്ച് പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽനിന്നു ലഭിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻകൂടി പൂർത്തിയാകുന്നതോടെ ഇതിന്റെയും ടെൻഡർ നടപടികളാരംഭിക്കും.







