എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരുടെ സ്വര്‍ണ്ണം കവര്‍ന്ന 3 പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.എറണാംകുളം പള്ളുരുത്തി സ്വദേശികളായ 34 വയസുള്ള നെല്ലിക്കല്‍ നൗഫല്‍,50 വയസുള്ള പാറപ്പുറത്ത് ജോയ് എന്ന നിസാര്‍,കോഴിക്കോട് കൊയിലാണ്ടി സ്വദേശി 61 വയസുള്ള നാലേരിവീട് ബാബു എന്ന ജയാനന്ദന്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.കോഴിക്കോട് കോട്ടക്കല്‍ പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തിയത്.കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും വില്‍പന നടത്തി ലഭിച്ച പണവും വിവിധ സ്ഥലങ്ങളില്‍ നിന്നായി അന്വേഷണസംഘം കണ്ടെടുത്തു.പോക്കറ്റടി സംഘത്തില്‍ പെട്ട മൂന്ന് പേരും വളാഞ്ചേരിയില്‍ നിന്നാണ് തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയത്.ജ്വല്ലറികളില്‍ സാമ്പിള്‍ കാണിക്കുന്നതിനായി കൊണ്ട് വന്ന ഒരു കോടി രൂപയിലതികം വരുന്ന സ്വര്‍ണ്ണവുമായി കുറ്റിപ്പുറത്ത് നിന്ന് ബസ്സില്‍ കയറിയ തൃശ്ശൂര്‍ സ്വദേശി ജിബിയുടെ ബാഗില്‍ നിന്ന് സിബ് തുറന്ന് ആഭരണം അടങ്ങിയ ബോക്സ് കൈക്കലാക്കിയ സംഘം എടപ്പാളില്‍ ഇറങ്ങുകയായിരുന്നു.പെഴ്സ് പോക്കറ്റടിക്കാനായി കയറിയ സംഘത്തിന് അപ്രതീക്ഷിതമായി ലഭിച്ച നിധി മൂവരും ചേര്‍ന്ന് പങ്കിട്ട് മൂന്ന് സ്ഥലങ്ങളിലേക്കായി പിരിയുകയായിരുന്നു.
എടപ്പാളില്‍ വച്ച് സീറ്റ് ലഭിച്ച ജിബി ഇരിക്കുന്നതിനിടെയാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.തുടര്‍ന്ന് ചങ്ങരംകുളം പോലീസ് ബസ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ മുഴുവര്‍ പരിശോധിച്ച് ബസ് പറഞ്ഞു വിട്ടു.തിരൂര്‍ ഡിവൈഎസ്പി ഇ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം
സിഐ ഷൈന്‍,പെരുമ്പടപ്പ് സിഐ ബിജു,കുറ്റിപ്പുറം സിഐ ഷെമീര്‍,ചങ്ങരംകുളത്തെ എസ്ഐ മാരായ റോബര്‍ട്ട്,പ്രദീപ് കുമാര്‍ ,സിപിഒ മാരായ സുജിത്ത്,സുനീഷ്,മുകേഷ്,കപില്‍ ,ഡാന്‍സാഫ് എസ്ഐ ജയപ്രകാശ്,എഎസ്ഐ മാരായ രാജേഷ്,ജയപ്രകാശ്,സിപിഒ ഉണ്ണിക്കുട്ടന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.പോക്കറ്റടി സംഘത്തില്‍ പെട്ട സംഘം ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന വിവരവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അവസരോചിതമായ നീക്കങ്ങളാണ് സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ കേസിന് തുമ്പുണ്ടാക്കിയത്.പ്രതികള്‍ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിനും കഴിഞ്ഞത് പോലീസിന്റെ സമീപകാല ചരിത്രത്തിലെ മികച്ച നേട്ടം കൂടിയാണ്.അറസ്റ്റിലായ പ്രതികള്‍ സംസ്ഥാനത്തെ പ്രമുഖരായ പോക്കറ്റടി സംഘമാണെന്നും വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കിയ ശേഷം അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും







