ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബു ആണ് ജീവനൊടുക്കിയത്.സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു.ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ തുക നൽകാൻ ബാങ്ക് തയ്യാറായില്ല. ഇതേത്തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് വിവരം.തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. സാബുവിന്റെ ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഒരു ജീവിതകാലം മുഴുവൻ സമ്പാദിച്ച പണമാണെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം തിരികെ എടുക്കാൻ ചെന്നപ്പോൾ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്തതായി ആത്മഹത്യ കുറിപ്പിൽ പറയുന്നു.