പൂരം – ആന എഴുന്നള്ളിപ്പ് പ്രതിസന്ധികള്‍ നീങ്ങുവാൻ പ്രതിഷേധയാത്രയും പൂരം ചിത്രപ്രദർശനവും തത്സമയചിത്രരചനയും സംഘടിപ്പിക്കുന്നു.ചാത്തക്കുടം ശ്രീധർമശാസ്താ ക്ഷേത്രം, പിടിക്കപ്പറമ്ബ് ശ്രീമഹാദേവക്ഷേത്രം, കടലാശേരി പിഷാരിക്കല്‍ ഭഗവതിക്ഷേത്രം, വല്ലച്ചിറ ഭഗവാൻ – ഭഗവതിക്ഷേത്രങ്ങളിലെ പൂരാസ്വാദകരുടെയും ഭക്തരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഞായറാഴ്ച പ്രതിഷേധയാത്ര നടത്തുക. പിടിക്കപ്പറമ്ബ് ശ്രീമഹാദേവക്ഷേത്രം മുതല്‍ ചാത്തക്കുടം ശ്രീധർമശാസ്‌താ ക്ഷേത്രംവരെയാണ് യാത്ര.
തുടർന്നു വൈകീട്ട് അഞ്ചിനു ചാത്തക്കുടം ക്ഷേത്രനടയില്‍ 2025 ലെ പെരുവനം – ആറാട്ടുപുഴ പൂരങ്ങളുടെ സുഗമമായ നടത്തിത്തിപ്പിനുവേണ്ടി വിവിധ പരിപാടികള്‍ നടത്തും.
ഉത്സവ പൂരം ചടങ്ങുകളില്‍ ആനയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുംവിധം 25 മീറ്റർ നീളമുള്ള പ്രത്യേകം തയാറാക്കിയ കാൻവാസില്‍ 25 ല്‍പ്പരം കലാകാരന്മാർ ഒരുക്കുന്ന പൂരം – ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട തത്സമയചിത്രരചനയും, പോസ്റ്റർ നിർമാണവും നടക്കും. പെരുവനം, ആറാട്ടുപുഴ പൂരങ്ങളിലെ വ്യത്യസ്തചടങ്ങുകളുടെ 25ല്‍പ്പരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദർശനവും ഉണ്ടായിരിക്കും.
ആന എഴുന്നള്ളിപ്പു സംബന്ധിച്ചു ഹൈക്കോടതിയുടെ മാർഗനിർദേശങ്ങള്‍ ഉണ്ടാക്കുവാൻ പോകുന്ന പ്രതിസന്ധികള്‍ തരണംചെയ്യുവാനും ഉന്നതാധികാരികളെ പെരുവനം- ആറാട്ടുപുഴ പൂരങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനുംവേണ്ടിയാണ് വ്യത്യസ്തമായ രീതിയില്‍ ഈ പ്രതിഷേധ ബോധവത്കരണജാഥ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതെന്നു സംഘാടകർ പറഞ്ഞു.