കാലിത്തീറ്റയെന്ന വ്യാജേന ലോറിയിൽ സ്പിരിറ്റ് കടത്തുന്നതിനിടെ പൊലീസ് പിടകൂടി. പാലക്കാട് എലപ്പുള്ളിയിൽ നടത്തിയ പരിശോധനയിലാണ് 3500 ലീറ്റർ സ്പിരിറ്റുമായി സംഘത്തെ പിടികൂടിയത്. സംഭവത്തിൽ 2 പാലക്കാട് സ്വദേശികളെയും 3 എറണാകുളം സ്വദേശികളെയുമാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസും സ്പെഷ്യൽ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പുലർച്ചെ നാലുമണിയോടു കൂടിയായിരുന്നു പൊലീസിൻ്റെ പരിശോധന. ലോറിയിൽ കന്നാസുകളിലാക്കി സൂക്ഷിച്ചായിരുന്നു പ്രതികളുടെ സ്പിരിറ്റ് കടത്തൽ. ബെംഗളൂരുവിൽ നിന്നും പാലക്കാട്ടേക്ക് എത്തിച്ച സ്പിരിറ്റാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തായി പാലക്കാട് നടന്ന ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് ഇതെന്നാണ് റിപ്പോർട്ട്.