പൊന്നാനി:കറുകത്തുരുത്തി വളവിൽ അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയില്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലകത്ത് വീട്ടിൽ റജീബ് (32) നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്
കഴിഞ്ഞ ഞായറാഴ്ച വീട്ടുകാർ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വാച്ചുമാണ് മോഷണം പോയത്.കറുകത്തുരുത്തി അരിക്കാട്ടയിൽ ഷമീമയുടെ പരാതിയിൽ പൊന്നാനി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.തുടർന്ന് പ്രദേശത്തെ നിരവധി സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കുകയും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
പ്രതിയായ റജീബിന് നിരവധി ചീറ്റിങ് കേസുകളും കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ എ.പി. അനീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.തുടർന്ന് എസ്.ഐ. ജിഷ്ണു, ആർ. ജതിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഹരിപ്രസാദ് എന്നിവർ ചേർന്നാണ് കുന്നംകുളത്തുനിന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.







