കൊച്ചി: പൊന്നുരുന്നിയിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാറോടിച്ചത് 17 കാരൻ. പിന്നീട് കാർ പാർക്ക് ചെയ്തതായി കണ്ടെത്തിയ പോലീസ് ഇത് പ്രത്യേക ലോക്കിട്ട് പൂട്ടി. ഈ പൂട്ട് തകർത്തതിന് പൊന്നുരുന്നി സ്വദേശിയെ അറസ്റ്റ് ചെയ്തു. മറ്റപ്പള്ളി വീട്ടിൽ ദീപക് എം. നായർ (24) ആണ് പോലീസിന്റെ പിടിയിലായത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൗമാരക്കാരനോടിച്ച വാഹനത്തിന്റെ ആർ.സി. ഉടമയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കടവന്ത്ര എസ്.ഐ. അതുൽരാജിന്റെ നേതൃത്വത്തിൽ പൊന്നുരുന്നി ഭാഗത്ത് വാഹന പരിശോധന നടക്കുന്നതിനിടെയാണ് കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയത്. അന്വേഷണത്തിൽ ഈ കാർ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിന് സമീപം കിടക്കുന്നതായി പോലീസ് കണ്ടെത്തി. തുടർനടപടികൾക്കായി പോലീസ് ലോക്കിങ് സംവിധാനം ഉപയോഗിച്ച് കാർ പൂട്ടിയിട്ടു. എന്നാൽ, പിറ്റേന്ന് രാവിലെ പോലീസെത്തിയപ്പോൾ ഈ പൂട്ട് തകർത്ത നിലയിലായിരുന്നു.
തുടർന്ന് ആർ.സി. ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വിദേശത്തുള്ള ആർ.സി. ഉടമയുടെ സഹോദരിയുടെ 17 വയസ്സുള്ള മകനാണ് കാറോടിച്ചിരുന്നതെന്ന് വ്യക്തമായി. തങ്ങളറിയാതെയാണ് 17-കാരൻ വാഹനമെടുത്തതെന്നാണ് വീട്ടുകാർ പറയുന്നത്.
പോലീസ് വാഹനം ലോക്ക് ചെയ്ത് മടങ്ങിയ ശേഷം കൗമാരക്കാരൻ വീണ്ടും കാറിനടുത്തെത്തിയിരുന്നു. ഈ സമയം അവിടെയെത്തിയ ദീപക് പൂട്ട് പൊളിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കൗമാരക്കാരൻ അത് നിരസിച്ചു. കൗമാരക്കാരൻ മടങ്ങിയ ശേഷം ദീപക് ലോക്ക് തകർത്തുവെന്നാണ് പോലീസ് കണ്ടെത്തൽ. കടവന്ത്ര സ്റ്റേഷനിലെത്തിയ കൗമാരക്കാരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വിദേശത്തുള്ള ആർ.സി ഉടമയ്ക്കെതിരേ കേസെടുത്ത പോലീസ്, ഇയാളുടെ മൊഴിയെടുക്കാനും നടപടി തുടങ്ങി.







