എടപ്പാൾ:എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനായി ഗായകർ ചേർന്ന് എടപ്പാൾ ടൗണിൽ സംഗീത വിരുന്ന് സംഘടിപ്പിച്ചു.മുക്കത്ത് ഒറ്റ പ്രസവത്തിൽ ജനിച്ച കല്ലുരുട്ടി പൂവത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് സംഗീത വിരുന്ന് ഒരുക്കിയത്.എടപ്പാൾ ബാപ്പുക്ക, ഫിസ ഹന്നത്ത്, ഉസ്താദ് കാദർഷ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തും വിവിധ ഗാനമേള വേദികളിൽ ശ്രദ്ധേയരായ 15 ഓളം ഗായകർ സംഗീത വിരുന്നിൽ പങ്കാളികളായി.ഗായകരുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെയാണ് ഫണ്ട് സമാഹരണം നടന്നത്. സമാഹരിച്ച തുക കോട്ടക്കലിൽ നടന്ന സമാനമായ പരിപാടിയുടെ ചടങ്ങിലെത്തി സംഘാടകർ നേരിട്ട് സഹായസമിതി ഭാരവാഹികൾക്ക് കൈമാറി.പരിപാടിയോട് സഹകരിച്ച അഫ്സല്‍ കുറ്റിപ്പുറം,നാസര്‍ എടപ്പാള്‍,ഐശ്വര്യ സുമേഷ്,ലൈറ്റ് ആന്റ് സൗണ്ട് സലീം,മജീദ് പിക്സോപാര്‍ട്ട് തുടങ്ങിയവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.കുരുന്നുകളുടെ ചികിത്സാ ചെലവിലേക്ക് 50 കോടിയോളം രൂപ സമാഹരിക്കേണ്ടതുണ്ട്. ആവശ്യം വന്നാൽ വരും ദിവസങ്ങളിൽ മറ്റ് പ്രദേശങ്ങളിലും പരിപാടി സംഘടിപ്പിച്ച് ഫണ്ട് സമാഹരണം തുടരുമെന്ന് സംഘാടകർ അറിയിച്ചു.







