എടപ്പാൾ : സ്ട്രോക്ക് പ്രതിരോധം, അടിയന്തര ചികിത്സ, പുനരധിവാസം എന്നിവയിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആയുർഗ്രീൻ ഫൗണ്ടേഷൻ ആരംഭിച്ച ‘സ്ട്രോക്ക് ഫോഴ്സ്’ പദ്ധതിക്ക് തുടക്കമായി. ആയുർഗ്രീൻ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ലോഗോയും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു.
സ്ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും സമയബന്ധിത ചികിത്സ ഉറപ്പാക്കുന്നതിനും പുനരധിവാസത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
തവനൂർ എം.എൽ.എ വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി എന്നിവർ മുഖ്യാതിഥികളായി. ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സക്കരിയ കെ.എൻ., ആശുപത്രി ചെയർമാൻ ഹിഫ്സു റഹ്മാൻ, മെഡിക്കൽ ഡയറക്ടർ ഹബീബുള്ള എം.ടി. തുടങ്ങിയവർ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.







