പ്രോബ 3 ദൗത്യവുമായി പിഎസ്‌എൽവി സി 59 വിക്ഷേപിച്ചു. ഇന്ന് വൈകിട്ട് 4.04ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നാണ് ഉപഗ്രഹങ്ങളുമായി പിഎസ്‌എൽവി സി 59 കുതിച്ചുയർന്നത്. രണ്ട് ഉപഗ്രഹങ്ങളാണ് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യത്തിലുള്ളത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് (കൊറോണ) പഠിക്കാനുള്ള ദൗത്യമാണ് പ്രോബ 3. യൂറോപ്യന്‍ സ്പേസ് ഏജന്‍സി നടത്തുന്ന ഇൻ ഓർബിറ്റ് ഡെമോൺസ്ട്രേഷൻ (ഐഒഡി.) ദൗത്യമാണിത്. 2001ന് ശേഷം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്ക് വേണ്ടി നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 550 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.
ഒക്യുൽറ്റർ (200 കിലോഗ്രാം), കൊറോണഗ്രാഫ് (340 കിലോഗ്രാം) എന്നിവയാണ് പ്രോബ 3യിലുള്ള ഉപഗ്രഹങ്ങൾ. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചെലവുള്ള ദൗത്യത്തിന് രണ്ട് വർഷമാണ് കാലാവധി. ഭൂമിയിൽ നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,530 കിലോമീറ്ററുമുള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകങ്ങളെ എത്തിക്കുക. ഐഎസ്‌ആർഒ 2001ൽ വിക്ഷേപിച്ച പ്രോബ 1, 2009ൽ വിക്ഷേപിച്ച പ്രോബ 2 എന്നിവയുടെ തുടർദൗത്യമാണ് പ്രോബ 3.







