ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾ അനധികൃതമായി ശേഖരിച്ച് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. തൃശൂർ റെയിൽവേ സംരക്ഷണ സേനയാണ് പ്രതികളെ പിടികൂടിയത്. പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തായിരുന്നു പ്രതികളുടെ നീക്കം. അമിത വിലയ്ക്ക് ടിക്കറ്റ് വിൽപന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് അസം സ്വദേശി സൈഫുദ്ദീൻ അഹമ്മദിനെയും (22) വടക്കാഞ്ചേരി സ്റ്റേഷൻ പരിസരത്ത് നിന്ന് സുൽമാൻ അലിയെയും (31) അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈഫുദ്ദീന്റെ കൈവശത്ത് നിന്ന് രണ്ട് തത്കാൽ ടിക്കറ്റുകൾ കണ്ടെത്തി. 12,900 രൂപയും 15,300 രൂപയും വിലയുള്ള ടിക്കറ്റുകളാണ് കണ്ടെടുത്തത്. കൂടാതെ, നാല് റെയിൽവേ റിസർവേഷൻ ഫോമുകൾ, പൂരിപ്പിക്കാത്ത ഫോമുകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.
സുൽമാൻ അലിയുടെ കൈവശത്തുനിന്ന് 5,360 രൂപ, 5,355 രൂപ, 9,675 രൂപ വിലയുള്ള ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. ടിക്കറ്റുകൾക്ക് പുറമേ റെയിൽവേ റിസർവേഷൻ ഫോമുകളും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
അനുമതിയില്ലാതെ തത്കാൽ ഉൾപ്പെടെയുള്ള റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതായി ഇരുവരും മൊഴി നൽകിയെന്ന് ആർപിഎഫ് അറിയിച്ചു. തുടർന്ന് പ്രതികൾക്കെതിരെ ആർപിഎഫ് നിയമപ്രകാരം കേസെടുത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.







