സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മൊബൈൽ നമ്പറിലേക്കും വിലാസത്തിലേക്കും അഞ്ഞൂറിലധികം വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ എത്തിയതിനെ തുടർന്ന് കടുത്ത സൈബർ ആക്രമണവും മാനസിക ബുദ്ധിമുട്ടും നേരിട്ട മധുരയിലെ ഇൻഫ്ലുവൻസർ വീരമണിയുടെ കുടുംബം വീടുവിട്ടൊഴിഞ്ഞു. ദീപാവലിക്ക് ആരാധകർ തനിക്ക് പലഹാരങ്ങൾ അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് വീരമണി തന്റെ ഫോൺ നമ്പറും വിലാസവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ട്രോളന്മാർ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ആമസോൺ, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി, ബ്ലിങ്കിറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ വിലകൂടിയ ഇലക്ട്രോണിക് സാധനങ്ങളും ഗൃഹോപകരണങ്ങളും വ്യാജമായി ഓർഡർ ചെയ്യുകയായിരുന്നു.തുടർച്ചയായ ഡെലിവറി ഏജന്റുമാരുടെ വരവും ഫോൺ കോളുകളും കുടുംബത്തിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയെന്നും, ഇതിനെത്തുടർന്ന് വീട് ഒഴിയാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വീരമണിയുടെ ഭാര്യ സുമംഗലി പറഞ്ഞു.സുമംഗലി പറഞ്ഞത്:”എന്റെ ഭർത്താവ് വീരമണി മധുരപലഹാരങ്ങൾ ചോദിച്ച് ഞങ്ങളുടെ വിലാസവും ഫോൺ നമ്പറും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനുശേഷമാണ് ആളുകൾ അദ്ദേഹത്തിന്റെ പേരിൽ നിരവധി സിഒഡി ഓർഡറുകൾ നൽകാൻ തുടങ്ങിയത്. ഇത് ഞങ്ങൾക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിലെ ഡെലിവറി ജീവനക്കാർ നിരന്തരം വീട്ടിലെത്തിക്കൊണ്ടിരുന്നു. പ്രശ്നം വഷളാകാതിരിക്കാൻ ഞങ്ങൾ സ്ഥലംവിട്ടു. ഇപ്പോൾ വീട് ഒഴിയാൻ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ വിലാസത്തിൽ സിഒഡി ഓർഡറുകൾ നൽകുന്നത് നിർത്തണമെന്നും, സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിലാസങ്ങളും ഫോൺ നമ്പറുകളും പരസ്യമായി പങ്കുവെക്കരുതെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഇതിനകം വീട് ഒഴിഞ്ഞുകഴിഞ്ഞു, ഇത്തരം പ്രവൃത്തികളിൽ ഇനി ആരും ഏർപ്പെടരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” അവർ പറഞ്ഞു.വ്യാജ ഓർഡറുകൾ ഡെലിവറി തൊഴിലാളികളുടെ ഉപജീവനമാർഗത്തെയും ബാധിച്ചിട്ടുണ്ട്. സമയവും ഇന്ധനവും അധ്വാനവും പാഴാകുന്നുവെന്ന് അവർ പറയുന്നു. ഉപഭോക്താക്കൾ ഓർഡർ നൽകിയിട്ടില്ലെന്ന് പറഞ്ഞ് പണം നൽകാൻ വിസമ്മതിക്കുമ്പോൾ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. പ്രതിദിനം 1500 രൂപ വരെ സമ്പാദിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തരം സംഭവങ്ങൾ കാരണം 400-500 രൂപയായി വരുമാനം കുറഞ്ഞെന്നും തൊഴിലാളികൾ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ തമാശയ്ക്കായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ തൊഴിലാളികളുടെ കഷ്ടപ്പാടുകളെക്കുറിച്ചുകൂടി ചിന്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും ഓൺലൈൻ ഉപദ്രവങ്ങളും സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.









