ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കോക്രാച്ച് ജനതാ പാർട്ടിയുമായുള്ള സമീപനത്തിൽ മാറ്റംവരുത്തി കോൺഗ്രസ്. ചൊവ്വാഴ്ച വൈകുന്നേരം രാഹുൽ ഗാന്ധി തന്റെ വസതിയിൽ നടത്തിയ ചായ സൽക്കാരത്തിലേക്ക് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെക്ക് ക്ഷണം ലഭിച്ചിരുന്നതായാണ് വിവരം. പ്രശാന്ത് ഭൂഷൺ വഴിയാണ് കോൺഗ്രസ് സിജെപി നേതൃത്വത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. എഎപിയുടെ ബി ടീം ആണ് സിജെപിയെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപണമുയർത്തിയിരിക്കെയാണ് സിജെപിയോടുള്ള നിലപാടിൽ മാറ്റം വരുന്നത് എന്നതാണ് ശ്രദ്ധേയം.അവരെ യോഗത്തിലേക്ക് ക്ഷണിക്കാൻ രാഹുൽ ഗാന്ധി കാണിച്ച സന്നദ്ധത പാർട്ടി നിലപാടിലെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ സിവിൽ സൊസൈറ്റി സംഘടനകളെയും മറ്റ് പ്രസ്ഥാനങ്ങളെയും തങ്ങളുടെ പ്രക്ഷോഭത്തിൽ പങ്കാളികളാക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം. എല്ലാ പ്രതിഷേധങ്ങളും ഒന്നാണ് എന്ന് സിജെപി പ്രതിഷേധത്തെ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാഹുൽ എക്സിൽ കുറിച്ചിരുന്നു. അതേസമയം വിദ്യാർഥികൾ എന്നാണ് അദ്ദേഹം സിജെപിയെ വിശേഷിപ്പിച്ചത്.പിന്നാലെയാണ് സിജെപിക്ക് ചായ സൽക്കാരത്തിലേക്ക് ക്ഷണമുണ്ടായത്. പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് സിജെപി നേതാക്കളെ ഇതിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് എത്താനായില്ല. ദീപ്കെ മഹാരാഷ്ട്രയിലായിരുന്നു. മറ്റുനേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു









