തിരുവനന്തപുരം: പയറുംമൂട് ബൈപ്പാസിന് സമീപം നിന്ന് കഴിഞ്ഞ മാസം 50 ഗ്രാമോളം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യ കണ്ണി അറസ്റ്റിൽ. കോട്ടയം ഓണംതുരുത്ത് വാസ്കോ ജംഗ്ഷന് സമീപം പാറ്റിയാൽ വീട്ടിൽ ജിബിൻ പി ചാക്കോ (35) ആണ് അറസ്റ്റിലായത്. തലസ്ഥാനത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടാൻ പൊലീസ് എത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടു കാലുകൾക്കും ഗുരുതര പരുക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ പ്രതി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ കോട്ടയത്ത് 14 ഓളം കേസ് ഉണ്ടെന്നും പിടിയിലാകുന്നത് ആദ്യമാണെന്നും പൊലീസ് പറയുന്നു. മുമ്പ് പിടിയിലായ പ്രതികൾക്ക് ലഹരി എത്തിച്ചു നൽകുന്ന മുഖ്യ കണ്ണിയാണ് ഇയാളെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
കേസിൽ ആനയറ സ്വദേശി വിജയകുമാർ, കഴിഞ്ഞ 29ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി പൂന്തുറ മാണിക്യം വിളാകം സ്വദേശി മുജീബ് റഹ്മാൻ (32), വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഹദ് (27) എന്നിവരെ കോവളം കാരോട് ബൈപ്പാസിന്റെ വിഴിഞ്ഞം പയറുംമൂട് ഭാഗത്തുവെച്ച് സിറ്റി ഡാൻസാഫ് സംഘം പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു. ഇതിൻ്റെ അന്വേഷണത്തിനിടെയാണ് ജിബിനുമായുള്ള ബന്ധം പുറത്തായത്.








