എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ചടങ്ങുകളോടെ തുടക്കമായി. മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തിരിതെളിച്ചു.
ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം തപസ്യ സംസ്ഥാന സെക്രട്ടറിയും ഫിലിം സെൻസർ ബോർഡ് അഡ്വൈസറി അംഗവുമായ മണി എടപ്പാൾ നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി വി.പി. വിദ്യാധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
താന്ത്രികാചാര്യൻ നരിപ്പറമ്പ് വാസുദേവൻ, പത്രപ്രവർത്തകൻ കണ്ണൻ പന്താവൂർ, കവി എടപ്പാൾ സി. സുബ്രഹ്മണ്യൻ, കെ.എസ്.ഇ.ബി. റിട്ട. എൻജിനീയർ മുരളി മോഹൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ക്ഷേത്രം ജോയിന്റ് സെക്രട്ടറി വി.പി. പ്രദീപ് ചടങ്ങിന് സ്വാഗതവും ബിനു ജയരാജ് നന്ദിയും പറഞ്ഞു. നവരാത്രി ദിനങ്ങളിൽ വിവിധ കലാപരിപാടികളും വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.









