ചങ്ങരംകുളം:സംസ്ഥാന സ്കൂൾ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മൂക്കുതല പി.ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. .തൃശൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സ്കൂൾ താരങ്ങൾ മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി.
60 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ ഇഷാൻ അബ്ദുൽ ജലാൽ, 77 കിലോഗ്രാം സീനിയർ വിഭാഗത്തിൽ തുഷാര ടി.വി.88 കിലോഗ്രാം സീനിയർ വിഭാഗത്തിൽ അദ്നാൻ അബ്ദുൽ കാദർ എന്നിവർ സ്വർണം നേടി. 77 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ വൈഗ വെങ്കലവും സ്വന്തമാക്കി.
വെയ്റ്റ്‌ലിഫ്റ്റിങ് കോച്ചും ദേശീയ റഫറിയുമായ ആഘോഷിന്റെയും കായികാധ്യാപകനായ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു താരങ്ങളുടെ പരിശീലനം.പരിശീലകരുടെ കൃത്യമായ മാർഗനിർദേശവും വിദ്യാർഥികളുടെ കഠിനാധ്വാനവും അച്ചടക്കത്തോടെയുള്ള പരിശീലനവുമാണ് നേട്ടത്തിന് പിന്നിലെന്ന് പി.ടി.എ. പ്രസിഡന്റ് പ്രണവം പ്രസാദ് പറഞ്ഞു.താരങ്ങൾക്ക് മികച്ച പരിശീലനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷം പി.ടി.എ.യുടെ നേതൃത്വത്തിൽ സ്പോൺസറെ കണ്ടെത്തി ഒളിമ്പിക് നിലവാരത്തിലുള്ള വെയ്റ്റ്‌ലിഫ്റ്റിങ് പരിശീലന ഉപകരണങ്ങൾ സജ്ജമാക്കിയിരുന്നു. ഇതിലൂടെ താരങ്ങൾക്ക് കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാൻ സാധിച്ചതായും പ്രണവം പ്രസാദ് വ്യക്തമാക്കി.പഠനത്തോടൊപ്പം കലാ-കായിക മേഖലകൾക്കും സ്കൂൾ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള പിന്തുണ തുടർന്നും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇഷാൻ അബ്ദുൽ ജലാൽ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന ചാമ്പ്യനാകുന്നത്.അദ്നാൻ അബ്ദുൽ കാദറും തുഷാര ടി.വിയും തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന ചാമ്പ്യൻമാരാകുന്നത്. കഴിഞ്ഞ വർഷവും സംസ്ഥാന ചാമ്പ്യൻമാരായ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.ഈ വർഷവും മൂവരും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.ഒക്ടോബർ അവസാനവാരം മണിപ്പൂരിലാണ് ദേശീയ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ദേശീയ മത്സരത്തിനായുള്ള തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കുമെന്ന് പ്രിൻസിപ്പൽ മണികണ്ഠനും ഹെഡ്മിസ്ട്രസ് ജീനയും അറിയിച്ചു.തുടർച്ചയായി ചാമ്പ്യൻമാരെ സൃഷ്ടിച്ചുകൊണ്ട് വെയ്റ്റ്‌ലിഫ്റ്റിങ് രംഗത്ത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ് മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.മുൻവർഷങ്ങളിലും വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള സ്കൂൾ,കായികതാരങ്ങളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഈ രംഗത്തെ മികവ് തുടർച്ചയായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.







