സഭാ കേസിൽ യാക്കോബായ സഭയ്ക്ക് വീണ്ടും തിരിച്ചടി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി യാക്കോബായ സഭയോട് നിര്‍ദേശിച്ചു. അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകള്‍ എന്നിവ ഒരുവിഭാഗത്തില്‍ പെട്ടവരെയും വിലക്കരുതെന്ന് സുപ്രീം കോടതി ഓര്‍ത്തഡോക്സ് സഭയ്ക്ക് നിര്‍ദേശംനല്‍കി. ഇക്കാര്യത്തിൽ ഓർത്തഡോക്‌സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സൗഹൃദപരമായി പ്രശ്‌നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. സർക്കാർ ഇടപെടൽ അവസാന മാർഗമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്മസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഹൈക്കോടതിയിൽ ഹാജരാകുന്നതിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുള്ള ഇളവ് തുടരുമെന്നും കോടതി വ്യക്തമാക്കി. മലങ്കര സഭയിലെ പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം വിധി നടപ്പിലാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പോലീസിനെ സുപ്രീംകോടതി വിമർശിച്ചു. ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കത്തിലുള്ള പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഇതിനായി പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെടരുതെന്ന് ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ അഭിഭാഷകരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.