തിരുവനന്തപുരം: പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ കര്‍ശന നിര്‍ദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. പൊതുസ്ഥലങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം.
നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. ഇവ നീക്കം ചെയ്യുന്നതിനും ഹോള്‍ഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കണം. ഉത്തരവാദികള്‍ക്കെതിരെ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കണം. ഇവ നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിഗത ഉത്തരവാദിത്തമായിരിക്കുമെന്നും പിഴ ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെ ആവശ്യമായ സംരക്ഷണം പൊലീസ് നല്‍കണം എന്നുമാണ് നിർദേശം.








