ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നീക്കത്തിനെതിരെ കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
രാഹുൽ ഗാന്ധിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് നേതാവും ഉന്നതവിദ്യാഭ്യാസമന്ത്രിയുമായ പി വിശ്വനാഥൻ വ്യക്തമാക്കി. 2029-ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടിവികെ അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരും തമിഴ്‌നാട് മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുമെന്ന് മന്ത്രിയായ രാജേഷ് കുമാറും മുന്നറിയിപ്പ് നൽകി.ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ-സി വോട്ടർ ‘മൂഡ് ഓഫ് ദി നേഷൻ’ എന്ന സർവേ പുറത്തുവന്നതാണ് ഭരണസംഖ്യത്തിൽ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. സർവേ പ്രകാരം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള ജനപിന്തുണയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പിന്നിലായി മൂന്നാംസ്ഥാനത്തായിരുന്നു വിജയ്. 9 മുതൽ 9.2 ശതമാനം വരെ പിന്തുണയോടെയാണ് വിജയ് പട്ടികയിൽ ഇടംപിടിച്ചത്.ഈ സർവേ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിജയ്‌യെ ദേശീയ നേതാവെന്ന നിലയിൽ ഉയർത്തിക്കാട്ടാൻ ടിവികെ നേതാക്കൾ ശ്രമം തുടങ്ങിയത്. തൂത്തുക്കുടി അടക്കമുള്ള വിവിധ ഭാഗങ്ങളിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിന് പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി കോൺഗ്രസ് രംഗത്തെത്തിയത്.









