ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിലെ പൂർവ്വികരുടെ മണ്ണ് കല്ലറകളും പേരെഴുതിയ കുരിശുകളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിശ്വാസിക പ്രതിഷേധ റാലി നടത്തി.ഞായറാഴ്ച രാവിലെ കുർബാനയ്ക്കുശേഷം നടന്ന റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം വിളിച്ചും അണിനിരന്നു.അരിമ്പൂർ എവി.ഡേവീഡിന്റെയും ലിസി ഡേവീഡിന്റെയും കുടുംബക്കല്ലറ പൊളിച്ച് ഓർത്തഡോക്സ് വിഭാഗം പുലിക്കോട്ടിൽ കുഞ്ഞിപ്പുവിന്റെ ഭാര്യ കുഞ്ഞാണിയുടെ സംസ്കാരം ആഗസ്റ്റ് 24ന് നടത്തിയത്താണ് പ്രതിഷേധത്തിന് കാരണം.
മുമ്പ് അടക്കം ചെയ്ത എ.വി. ഡേവീഡിന്റെയും ലിസി ഡേവീഡിന്റെയും ചിത്രങ്ങൾ കൈയിലേന്തിയാണ് വിശ്വാസികൾ റാലിയിൽ പങ്കെടുത്തത്.പൂർവ്വികരുടെ മണ്ണ് കല്ലറകൾ മാറ്റുന്നതും പേരെഴുതിയ കുരിശുകൾ നീക്കം ചെയ്യുന്നതും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.കുടുംബക്കല്ലറകളിൽ അനുമതിയില്ലാത്ത സംസ്കാരം തടയുക, പൂർവ്വികരുടെ കല്ലറകളും കുരിശുകളും സംരക്ഷിക്കുക, വിശ്വാസികൾക്ക് കല്ലറകളിലെത്തി പ്രാർത്ഥിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക,നിയമപാലകർ നീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
പ്രതിക്ഷേധ റാലി മാതൃ ദേവാലയത്തിന് മുന്നിലെത്തിയശേഷം മരണപ്പെട്ട പൂർവ്വികർക്കായി വിശ്വാസികൾ പ്രാർത്ഥന നടത്തി.സംസ്ഥാനത്ത് നഷ്ടപ്പെട്ട 58 പള്ളികളിലും ഞായറാഴ്ചകളിൽ വിശ്വാസികൾക്ക് പൂർവ്വികരുടെ കല്ലറകളിലെത്തി പ്രാർത്ഥിക്കാൻ കഴിയുമ്പോൾ ചാലിശ്ശേരിയിൽ മാത്രം ഇത്തരം മനുഷ്യാവകാശ ലംഘനം നടക്കുന്നതായും ഇടവക ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുമ്പ് ഇടവക മനുഷ്യവകാശ കമ്മീഷൻ ,മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ലാ കലക്ടർക്കും പോലീസിനും പരാതി നൽകിയിരുന്നു.തൃശൂർ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത,വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ എന്നിവർ പ്രതിഷേധത്തിൽ സംസാരിച്ചു.ചാലിശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.







