ഇരിട്ടി: കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം. സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഭാരവാഹികളായ ഇരിട്ടിയിലെ നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിക്കെതിരെയാണ് പരാതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനാണ് പ്രസിഡന്റ്. 2015ല്‍ ആരംഭിച്ച സൊസൈറ്റി, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ ആരോപണം. പിരിച്ച തുക എത്രയെന്നോ എവിടെ ഭൂമി വാങ്ങിയെന്നോ അറിയില്ലെന്നും ഓഹരി ഉടമകള്‍ പറയുന്നു
അഞ്ച് കാറ്റഗറി ഓഹരിയുടമകളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ എ ക്ലാസ് ഒരു ലക്ഷം രൂപയും ബി ക്ലാസ് 50000 രൂപയും സി ക്ലാസ് 25000 രൂപയും ഡി ക്ലാസ് 10000 രൂപയും ഇ ക്ലാസ് 1000 രൂപയുമായിരുന്നു കണക്ക്. ജനങ്ങളില്‍ നിന്ന് പണം സമാഹരിച്ചുകൊണ്ട് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടിപ്പടുക്കും എന്ന വാഗ്ദാനമായിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തുടക്കത്തില്‍ പണം പിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഉത്സാഹം ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതില്‍ ഉണ്ടായില്ലെന്ന് വേണം കരുതാന്‍. ഇതെല്ലാം സംബന്ധിച്ച് കൃത്യമായ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അവതരിപ്പിക്കേണ്ടത് സൊസൈറ്റിയുടെ നേതൃത്വത്തിലും പാര്‍ട്ടിയിലുമുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകളുടെ കടമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത് – നിക്ഷേപകന്‍ പറയുന്നു.







