മാറഞ്ചേരി:മനുഷ്യരെല്ലാവരും ഒന്നാണെന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഓണവും,ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവർക്ക് ആകാശത്തിലുള്ളവരുടെ കരുണ ലഭിക്കുമെന്ന മുഹമ്മദ് നബി യുടെ അധ്യാപനവും മാനവിക ഐക്യത്തിന്റെ ഉദാത്ത സന്ദേശങ്ങളാണെന്ന് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി പറഞ്ഞു. മതങ്ങളും ആഘോഷങ്ങളും മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവാദങ്ങളും വിദ്വേഷങ്ങളും സൃഷ്ടിച്ച് സമൂഹത്തിന്റെ ഐക്യവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾ ഇന്ന് സജീവമാണെന്നും, അവരെ തിരിച്ചറിഞ്ഞ് സാമൂഹികമായി ഒറ്റപ്പെടുത്താൻ പൊതുസമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറഞ്ചേരി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകവും തണൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച “ഓണം–മിലാദ് സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകം പ്രസിഡന്റ് എ. മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു.പൊന്നാനി ശാലേം മാർത്തോമ ചർച്ച് വികാരി റവ. രാജു പീറ്റർ, സാംസ്കാരിക സാഹിതി മലപ്പുറം ജില്ലാ ട്രഷറർ അടാട്ട് വാസുദേവൻ, ചാവക്കാട് മുതുവട്ടൂർ ജുമാ മസ്ജിദ് ഖത്തീബ് സുലൈമാൻ അസ്ഹരി എന്നിവർ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ് പ്രഭാഷണങ്ങൾ നടത്തി.
തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സ്വാഗതവും പ്രസിഡന്റ് ടി.പി. നാസർ നന്ദിയും പറഞ്ഞു. തണലിന്റെ കീഴിലുള്ള അയൽക്കൂട്ടം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി.
സൗഹൃദ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മയിലെ ആരിഫ ബഷീർ, ഹൈറുന്നിസ, റസീന മുത്തു, നിഷിദ, ഷാഹിദ, ഫാത്തിമ, റംഷിയ, റഷീദ, ജാബിറ, സുബൈദ ടീച്ചർ എന്നിവർ നേതൃത്വം നൽകി. സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.
ഓണത്തിന്റെയും മിലാദിന്റെയും സന്ദേശങ്ങൾ ഒരുമിച്ചുചേർന്നപ്പോൾ, മാറഞ്ചേരിയിൽ മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും മനോഹരമായൊരു സംഗമവേദിയായി “ഓണം–മിലാദ് സൗഹൃദ സംഗമം” മാറി.







