എടപ്പാള്‍:തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയ് എം.എൽ.എക്ക് കഴിയുമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു.എടപ്പാൾ എം.എൽ.എ ക്യാമ്പ് ഓഫീസിന് പുറമെ തവനൂർ അസംബ്ലി നിയോജകമണ്ഡലം എം.എൽ.എ അഡ്വ വി.എസ് ജോയുടെ രണ്ടാമത് എം.എൽ.എ ഓഫീസ് ആലത്തിയൂരിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരിന്റെ നൂറു ദിനത്തിൽ നൂറുമേനി വിളയിച്ച ജനപ്രതിനിധിയാണ് അഡ്വ വി.എസ് ജോയ് എന്നും ആദ്യ ബഡ്ജറ്റിൽ തന്നെ എടപ്പാൾ പോലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് വകയിരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക നിയോജകമണ്ഡലം തവനൂരാണെന്ന് ഞാൻ പോലും അറിഞ്ഞത് അപ്പോഴാണ് എന്നും മന്ത്രി പറഞ്ഞു.
അതുകൊണ്ടുതന്നെ നാട് ആഗ്രഹിക്കുന്ന ഒരു നല്ല ജന പ്രതിനിധിയായി മാറാൻ അഡ്വ വി.എസ് ജോയിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി ബാവ ഹാജി,യു.ഡി.എഫ് നേതാക്കന്മാരായ എ.എം രോഹിത്,സുരേഷ് പൊൽപ്പാക്കര,അഡ്വ നസ്രുള്ള,ഇബ്രാഹിം മുതൂർ,ടി.പി മുഹമ്മദ്, ടി.പി ഹൈദരലി,തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പുളക്കൽ,സിദ്ധീഖ് തവനൂർ,ഷാജി മോൾ വട്ടംകുളം,ജസ്‌ന ബാനു പുറത്തൂർ,സി രവീന്ദ്രൻ,പുരുഷോത്തമൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.







