കാഠ്മണ്ഡു: തുള്ളി മഴപോലുംപെയ്യാത്ത ഒരു പകൽ ഹിമാലയത്തിൽനിന്ന് കുത്തിയൊലിച്ചുവന്ന പ്രളയജലത്തിൽ നേപ്പാൾ ദുരന്തഭൂമിയായി. ബുധനാഴ്ച രാവിലെ നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. നേപ്പാളിൽ 389 പേരും ടിബറ്റിലെ ഗിറോങ് പോർട്ട് പ്രദേശത്ത് മൂന്നുപേരുമാണ് മരിച്ചത്. ഇരു രാജ്യങ്ങളിലുമായി 1400 പേരെയെങ്കിലും കാണാതായിട്ടുണ്ട്. ഇന്ത്യക്കാരടക്കം 30 രാജ്യങ്ങളിൽനിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം.
ഹിമാലയത്തിലെ കൂറ്റൻ ഹിമാനിയുടെ ഒരു ഭാഗം തകർന്ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലാങ്ടാങ് ദേശീയോദ്യാനത്തിൽ പതിച്ചതാണ് ദുരന്തകാരണം. ഇത് ലാൻഡെ ഖോല, ഭോട്ടേ കോശി, ത്രിശൂലി നദികളിലേക്ക് വലിയതോതിൽ വെള്ളവും ചെളിയും പാറകളും മഞ്ഞുകട്ടകളും തള്ളിവിട്ടു. നിമിഷങ്ങൾക്കകം നദിക്കരയിലുള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും തകർത്തെറിഞ്ഞ് പ്രളയം നേപ്പാളിലെത്തി. സെക്കൻഡിൽ 50 മീറ്റർ വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. നേപ്പാളിന്റെ തെക്കുഭാഗത്തേക്ക് 170 കിലോമീറ്റർവരെ വെള്ളം എത്തിച്ചേർന്നെന്നാണ് റിപ്പോർട്ടുകൾ
കെട്ടിടങ്ങളെയും റോഡുകളെയും നിമിഷംകൊണ്ട് തുടച്ചെടുത്ത പ്രളയപ്പാച്ചിലിൽ പലരും കിലോമീറ്ററുകളോളം ഒഴുകിപ്പോയി. പ്രദേശത്ത് വലിയതോതിൽ ചെളിയടിഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മിന്നൽപ്രളയത്തിൽ ഉയർന്നുവന്ന വൻ അവശിഷ്ടങ്ങൾ നദീതീരത്തെ ഗ്രാമങ്ങളെ തുടച്ചുനീക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭോട്ടേകോശി, ത്രിശൂലി നദികൾ കരകവിഞ്ഞ് വെള്ളവും ചെളിയും വീടുകളിലേക്ക് ഇരച്ചുകയറുന്നതും പാലങ്ങൾ, റോഡുകൾ, വാഹനങ്ങൾ എന്നിവ ഒഴുക്കിക്കൊണ്ടുപോകുന്നതും പ്രദേശം മുഴുവൻ കട്ടിയുള്ള ചെളിക്കടിയിലാകുന്നതും ദൃശ്യങ്ങളിൽ കാണാം.







