കടവല്ലൂർ:ജീവിതത്തിലെ പരിമിതികളെ പഠനത്തിന് മുന്നിലെ തടസ്സമാകാൻ അനുവദിക്കാതെ കഠിനാധ്വാനത്തിലൂടെ മുന്നേറിയ കടവല്ലൂർ വട്ടമാവ് സ്വദേശി 23 കാരി എ.യു. ഉണ്ണിമായയ്ക്ക് അഭിമാന നേട്ടം.മഹാത്മാഗാന്ധി സർവകലാശാലയുടെ എം.എ. സംസ്കൃതം ന്യായം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയാണ് ഉണ്ണിമായ നാടിന്റെ അഭിമാനമായത്.
ഗവൺമെന്റ് സംസ്കൃത കോളേജ്, തൃപ്പൂണിത്തുറയിൽ നിന്നാണ് ഉണ്ണിമായ എം.എ. സംസ്കൃതം പൂർത്തിയാക്കിയത്.ഇന്ത്യൻ ദാർശനിക പാരമ്പര്യത്തിലെ പ്രധാനപ്പെട്ട തർക്കശാസ്ത്ര–ജ്ഞാനശാസ്ത്ര ശാഖയായ ന്യായത്തിൽ യുക്തിപൂർവമായ ചിന്ത, ശരിയായ അറിവിലേക്കുള്ള മാർഗങ്ങൾ,പ്രത്യക്ഷം, അനുമാനം, വിവിധ തർക്കരീതികൾ തുടങ്ങിയവയാണ് പ്രധാനമായും പഠിച്ചത്. പ്രാചീന ന്യായസൂത്രങ്ങളിൽ നിന്ന് നവ്യന്യായ പാരമ്പര്യം വരെയുള്ള തത്ത്വചിന്തകളും , സംസ്കൃതഗ്രന്ഥങ്ങളും , ആഴത്തിൽ പഠിച്ചാണ് ഉണ്ണിമായ ഈ നേട്ടം സ്വന്തമാക്കിയത്.
കടവല്ലൂർ കൊരട്ടിക്കര വട്ടമാവ് അച്ചോത്ത്പ്പടിയിൽ ഉണ്ണി–കമലം ദമ്പതികളുടെ മകളാണ് ഉണ്ണിമായ.സാമ്പത്തിക പരിമിതികൾക്കിടയിലും പഠനത്തോടുള്ള ആത്മാർഥതയും കഠിനാധ്വാനവും കൈവിടാതെയാണ് സർവകലാശാലാ തലത്തിൽ മികച്ച വിജയം നേടിയത്.
വട്ടമാവിന്റെ ചരിത്രത്തിൽ ആദ്യമായാണ് എസ്.സി. വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടി സംസ്കൃതത്തിൽ സർവകലാശാലാ തലത്തിൽ രണ്ടാം റാങ്ക് നേടുന്നതെന്ന പ്രത്യേകതയും ഉണ്ണിമായയുടെ നേട്ടത്തിനുണ്ട്.കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുന്നംകുളം ചിറളയം ബഥനി സ്കൂൾ, കുന്നംകുളം ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബിരുദം നേടി.ഉയർന്ന പഠനത്തിനായി സംസ്കൃതത്തിൽ എം.എ. ന്യായം തെരഞ്ഞെടുത്ത ഉണ്ണിമായ സർവകലാശാലാ പരീക്ഷയിൽ രണ്ടാം റാങ്ക് സ്വന്തമാക്കുകയായിരുന്നു.കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പ്രതീക്ഷകൾക്ക് മകളുടെ വിജയം കൂടുതൽ തിളക്കം നൽകിയിരിക്കുകയാണ്. ഒരു കുടുംബത്തിന്റെ സ്വപ്നം സഫലമായതിനൊപ്പം സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന ഒരു പെൺകുട്ടിയുടെ കഴിവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായി കൂടിയാണ് ഉണ്ണിമായയുടെ നേട്ടം മാറുന്നത്.
നേട്ടം അറിഞ്ഞതുമുതൽ നിരവധി പേരാണ് ഉണ്ണിമായയെ അഭിനന്ദിക്കാനായി വീട്ടിലെത്തുന്നത്.കഴിഞ്ഞ ദിവസം വട്ടമാവ് നാലാം വാർഡ് അംഗം രജിത ആനന്ദൻ,ഡി.വൈ.എഫ്.ഐ. വട്ടമാവ് സെന്റർ യൂണിറ്റ് പ്രസിഡന്റ് സനുഷ, സെക്രട്ടറി അഭിനന്ദ്,പട്ടികജാതി ക്ഷേമ സമിതി അംഗം എ.കെ.വേലായുധൻ,സി.പി.ഐ.എം. വട്ടമാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും എൽ.സി.അംഗവുമായിരുന്ന കെ.സി. കുമാരൻ,ബ്രാഞ്ച് അംഗങ്ങളായ വിഎം ബിനു,ആനന്ദൻ കെ.എസ്,ഡിവൈഎഫ്ഐ കടവല്ലൂർ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങളായ രൺദീപ്, രാജേഷ്, സുജിത്ത്,പി.കെ.എസ്. വട്ടമാവ് യൂണിറ്റ് സെക്രട്ടറി എം.എ. അഭിലാഷ് തുടങ്ങിയവരും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് ഉണ്ണിമായയെ ആദരിച്ചു.ഉണ്ണി–കമലം ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തമകളാണ് ഉണ്ണിമായ. ഉമൽ സഹോദരനാണ്.











