ചങ്ങരംകുളം:പൊതുവിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യയുടെ പുതിയ അധ്യായം തുറന്ന് അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോക്കൂരിൽ അത്യാധുനിക ഇമ്മേഴ്സീവ് & കോഗ്നിറ്റീവ് എ ഐ സയൻസ് ക്ലാസ്‌റൂം ഒരുങ്ങുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു നവീകരണ സംരംഭമായി മാറുമെന്നാണ് പ്രതീക്ഷ.
വെർച്വൽ റിയാലിറ്റി (VR), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), കോഗ്നിറ്റീവ് അസസ്‌മെന്റ്, വ്യക്തിഗത പഠനസഹായം (Personalized Learning) എന്നിവ സംയോജിപ്പിച്ചാണ് ക്ലാസ്‌റൂം സജ്ജമാക്കുന്നത്. പാഠപുസ്തകങ്ങളിലെ ശാസ്ത്രീയ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് ത്രിമാന വെർച്വൽ അനുഭവങ്ങളിലൂടെ നേരിട്ട് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് പഠന സംവിധാനം ഒരുക്കുന്നത്. മനുഷ്യശരീരഘടന, കോശങ്ങളുടെ പ്രവർത്തനം, സൗരയൂഥം, രാസപ്രവർത്തനങ്ങൾ, ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അനുഭവാധിഷ്ഠിതമായി പഠിക്കാനാകും.
എ ഐ അധിഷ്ഠിത കോഗ്നിറ്റീവ് അസസ്‌മെന്റ് സംവിധാനത്തിലൂടെ ഓരോ വിദ്യാർത്ഥിയുടെയും പഠനശേഷിയും ഗ്രഹണനിലവാരവും വിലയിരുത്തി വ്യക്തിഗത പരിശീലനവും അനുയോജ്യമായ പഠനസഹായവും ലഭ്യമാക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അധിക പിന്തുണയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഉയർന്ന തലത്തിലുള്ള പഠനാവസരങ്ങളും ഒരുക്കും. കൂടാതെ 1000-ലധികം ഇന്ററാക്ടീവ് സയൻസ് മോഡ്യൂളുകളും ബ്രെയിൻ ജിം ആക്ടിവിറ്റികളും ക്ലാസ്‌റൂമിന്റെ ഭാഗമാകും.
ക്ലാസിൽ പഠിച്ച വിഷയങ്ങൾ മൊബൈൽ ഫോൺ, ടാബ്, ലാപ്ടോപ്പ് എന്നിവ ഉപയോഗിച്ച് വീട്ടിലിരുന്നും പഠിക്കാനും ആവർത്തിക്കാനുമുള്ള ഡിജിറ്റൽ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ പുരസ്കാര ജേതാക്കളായ കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിലെ Iluzia Lab ആണ് AI–VR അധിഷ്ഠിത സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത്. ക്ലാസ്‌റൂമിന്റെ ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പന MIDF Designs, ARTCO എന്നിവ ചേർന്നാണ് നിർവഹിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ അഷ്‌ഹർ പെരുമുക്ക് മുന്നോട്ടുവെച്ച ആശയത്തിന്റെയും തുടർച്ചയായ ഇടപെടലുകളുടെയും ഫലമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും ലോകോത്തര സാങ്കേതികവിദ്യ അധിഷ്ഠിത പഠനാനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.







