ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇൻഡിഗോ എയർലൈൻസിന്റെ എ320 നിയോ വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ അപകടം ഒഴിവാക്കാൻ പൈലറ്റ് വീണ്ടും പറന്നുയരുകയായിരുന്നു. നിലംതൊട്ടതിന് തൊട്ടുപിന്നാലെ വിമാനം ഇടത്തോട്ട് ചെരിഞ്ഞപ്പോൾ ഉടൻ തന്നെ പറന്നുയരാനുള്ള പൈലറ്റിന്റെ സമയോചിതമായ തീരുമാനമാണ് അപകടം ഒഴിവാക്കിയത്. മോശം കാലാവസ്ഥയും റൺവേയിൽ വെള്ളം കെട്ടിക്കിടന്നതുമാണ് ലാൻഡിങ് ദുഷ്കരമാക്കിയതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.









