ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ജി സുധാകരന്റെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനമായിരുന്നുവെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.തന്‍റെ ആരോഗ്യസ്ഥിതി അന്വേഷിച്ചാണ് കെ സി വന്നതെന്ന് ജി സുധാകരനും പ്രതികരിച്ചു. രാഷ്ട്രീയം സംസാരിച്ചോ എന്ന ചോദ്യത്തിന്, കെ സിയുമായി എന്ത് രാഷ്ട്രീയം സംസാരിക്കാനാണെന്നും അദ്ദേഹം സിപിഐഎമ്മിലേക്ക് വരുമോ എന്നാണോ സംസാരിക്കേണ്ടത് എന്നുമായിരുന്നു മറുപടി. പാർട്ടിയിൽ താൻ അസംപ്തൃപ്തനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനമാനങ്ങളില്ലാത്ത താൻ പ്രധാനിയെന്ന് എതിരാളികളും കരുതുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. ഉദ്ഘാടന സമ്മേളനത്തിലും ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിന്നും ജി സുധാകരനെ ഒഴിവാക്കിയിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രതികരണം. പാർട്ടി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവിൽ പാർട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തിരുന്നു.











