സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്. ഇന്നലത്തെ വൈദ്യുതി ഉപയോഗത്തിൽ 400 മെഗാവാട്ട് മുതൽ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി KSEB അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതുമൂലമാണ് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായത്. കൂടാതെ പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചതായി KSEB അറിയിച്ചു.
ഇന്നലത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉൽപാദനം 8.91 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഉയർന്ന ആവശ്യകത 4277 മെഗാ വാട്ട് ആണ്. വൈദ്യുതി ഉല്പാദനത്തിനായി ഡാമുകളിൽ അവശേഷിക്കുന്ന ജലം 21.58 ശതമാനമാണ്.
അതേസമയം സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മൺസൂണിനെ പഴിച്ച് കെഎസ്ഇബി രംഗത്തെത്തിയിരുന്നു. പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിയന്ത്രണം ഇനിയും തുടരുന്നുമെന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. അതേസമയം, വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് നിയമസഭയില്‍ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.
കെഎസ്ഇബി ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളിൽ സംസ്ഥാനത്തെ ജലസംഭരണികളിലെ വെള്ളത്തിൻ്റെ അളവ് വ്യക്തമാക്കുന്നുണ്ട്. നിലവിൽ 21.31% മാത്രമാണ് ഡാമുകളിലെ ജലം. കഴിഞ്ഞ വർഷം ഇതേസമയം, 60.65 ശതമാനം ജലം ഉണ്ടായിരുന്നു. ഇതിൽ മഴ ലഭ്യമാകാത്തത് മൂലമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്ന വാദവും കെഎസ്ഇബി വ്യക്തമാക്കുകയാണ്. ഈ വാദം ഇന്ന് സഭയിൽ ചട്ടം 300 പ്രകാരം മന്ത്രി സണ്ണി ജോസഫ് നടത്തുന്ന പ്രസ്താവനയിൽ ഉണ്ടാകും.






