കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍. തൃശൂര്‍ സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെ (33) സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു ഇരുവരും ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്തത്. സനൂഫിനെതിരെ ഫസീല മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് ശേഷവും ഇരുവരും തമ്മില്‍ ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല.
യുവതിയെ കൊലപ്പെടുത്തി കടന്ന സനൂഫ് ബെംഗളൂരുവില്‍ നിന്ന് സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ബെഗംളൂരുവിലെത്തി അന്വേഷണം ആംരഭിച്ചത്. ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.
ഫസീലയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുള്ളത്. മരണത്തില്‍ അന്വേഷണം വേണമെന്ന് ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു. ഫസീലയുടെ ഖബറടക്കം തേലക്കാട് കാപ്പ് ജുമ മസ്ജിദ് ഖബറിസ്ഥാനില്‍ നടത്തി.