ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായെങ്കിലും പ്രവർത്തനങ്ങൾ പാതിവഴിയിലെത്തി നിലച്ചെന്ന ആരോപണവുമായി സിപിഎം മെമ്പര്‍മാര്‍ രംഗത്ത്. വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾക്ക് ലഭിക്കുന്ന ചെറിയ തുക ശുചീകരണ പ്രവർത്തനങ്ങൾക്ക് തികയാത്ത അവസ്ഥയിലാണെന്നും. പൊതു മരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന ചങ്ങരംകുളം നരണിപ്പുഴ റോഡ്,വാര്യർമൂല ചേലക്കടവ് റോഡ്, ചങ്ങരംകുളം ചെറവല്ലൂർ റോഡ്,അയിനിച്ചോട് സ്രായിക്കടവ് റോഡ് എന്നിവയുടെ ഇരുവശങ്ങളിലും പുല്ല് കാട് മൂടി കിടക്കുകയാണെന്നും സിപിഎം മെമ്പര്‍മാര്‍ പറഞ്ഞു.കൂടാതെ അഴുക്കുചാലിൽ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും അടിഞ്ഞ് വെള്ളാഴുക്ക് തടസ്സമായിരിക്കുകയാണ്.കാഞ്ഞിയൂർ എ എം എൽ പി സ്കൂളിന് മുൻ വശത്തും കണ്ണേങ്കാവ് ചൈത്രം റോഡിന് സമീപവും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കാൻ വേണ്ട ഇടപെടലുകളിൽ യുഡിഎഫ് ഭരണ സമിതിക്ക് വീഴ്ച്ച വന്നിരിക്കുന്നുവെന്നുംപ്രശ്നം ദ്രുതഗതിയിൽ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിയിലെ സി പി ഐ എം അംഗങ്ങളായ എം.അജയഘോഷ്, കെ.സുധീഷ് , ടി. പരമേശ്വരൻ , നിഷാ ബാബുരാജ്, റംസീന എന്നിവർ പിഡബ്ലിയു പൊന്നാനി ഓഫീസിലെത്തി അസിസ്റ്റന്റ് എഞ്ചിനിയർക്ക് പരാതി നൽകി.പൊതുമരാമത്ത് വകുപ്പിന്റെ റണ്ണിങ് കോൺട്രാക്ടർമാരെ അറിയിച്ച് വിഷയം ഉടനെ പരിഹരിക്കാമെന്ന് പിഡബ്ലിയു അസിസ്റ്റന്റ് എഞ്ചിനിയർ ഉറപ്പ് നൽകിയതായി സി പി ഐ എം അംഗങ്ങൾ അറിയിച്ചു.






