ഗര്‍ഭപാത്രത്തിനുവരെ മുറിവേല്‍ക്കുംവിധം ചവിട്ടിയും കാല്‍മുട്ടുകൊണ്ട് ഇടിച്ചും പെറ്റമ്മയെ കൊന്ന കേസില്‍ മകനു ജീവപര്യന്തം തടവും ലക്ഷംരൂപ പിഴയും ശിക്ഷ. ചേര്‍ത്തല കടക്കരപ്പള്ളി 10-ാം വാര്‍ഡ് നിവര്‍ത്തില്‍ വീട്ടില്‍ സന്തോഷിനെ(48)യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. 2019 മാര്‍ച്ച് 31-നായിരുന്നു കൊലപാതകം. ശാരീരികാവശതയും ഓര്‍മ്മക്കുറവുമുണ്ടായിരുന്ന അമ്മ കല്യാണി(75)യെ വീട്ടില്‍വെച്ച് സന്തോഷ് കൊന്നുവെന്നാണ് കേസ്. ഭാര്യയുമൊത്തുള്ള തന്റെ സൈ്വരജീവിതത്തിനു അമ്മ തടസ്സമാണെന്ന തോന്നലാണ് കൊലപാതകത്തിലേക്കു നയിച്ചത്. ചവിട്ടിയും മുട്ടുകൊണ്ടിടിച്ചും കൊലപ്പെടുത്തിയശേഷം പ്രതി തന്നെയാണ് കല്യാണിയെ ആശുപത്രിയിലെത്തിച്ചത്. സ്വാഭാവിക മരണമാണെന്നു പോലീസില്‍ മൊഴികൊടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വാരിയെല്ലുകളും ഇടുപ്പെല്ലും പൊട്ടി ഗര്‍ഭപാത്രത്തിനുവരെ മുറിവുണ്ടായെന്നും അമിത രക്തസ്രാവം മൂലമാണ് മരിച്ചതെന്നും കണ്ടെത്തി. നിവര്‍ത്തില്‍ വീട്ടില്‍ സുകുമാരനാണ് കല്യാണിയുടെ ഭര്‍ത്താവ്.
പട്ടണക്കാട് സബ് ഇന്‍സ്പെക്ടറായിരുന്ന അമൃത് രംഗന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മകന്‍ കൊന്നതാണെന്നു കണ്ടെത്തിയത്. പ്രധാന സാക്ഷികളായിരുന്ന കല്യാണിയുടെ മകളും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തും വിചാരണവേളയില്‍ കൂറുമാറി. അയല്‍വാസികളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്.
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്‍, അഭിഭാഷകരായ നാരായണ്‍ ജി., അശോക് നായര്‍, ദീപ്തി കേശവ് എന്നിവര്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.