യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് എതിരാളിയാകുമ്പോഴുള്ള വിജയവരള്‍ച്ചക്കാണ് ഇന്നലെ ആന്‍ഫീല്‍ഡില്‍ അവസാനമായത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെമ്പട റയലിനെ പരാജയപ്പെടുത്തിയത്.52ാം മിനിറ്റില്‍ അലക്‌സിസ് മക് അലിസ്റ്റര്‍, 76ാം മിനിറ്റില്‍ കോഡി ഗാക്‌പോ എന്നിവരാണ് ഗോളടിച്ചത്. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ചാമ്പ്യന്‍സ് ലീഗില്‍ കുതിക്കുകയാണ് ലിവര്‍പൂള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചെമ്പടയുടെ കുതിപ്പാണ്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ റയലിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തി. ചെമ്പടയുടെ മുഹമ്മദ് സലായും പെനാല്‍റ്റി പാഴാക്കി.ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ട്യോയുടെ തകര്‍പ്പന്‍ പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇതിലും നാണംകെട്ട തോല്‍വിയായിരുന്നേനെ റയലിന് സംഭവിക്കുക. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ എട്ട് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും ജയം റയലിനൊപ്പമായിരുന്നു. ഇതില്‍ രണ്ട് ഫൈനലുകളും ഉള്‍പ്പെടും. 15 പോയിന്റുമായാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തുള്ളത്. ആറ് പോയിന്റുള്ള റയല്‍ 24ാം സ്ഥാനത്താണ്.