ന്യൂഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഞായറാഴ്ച മാത്രം 13 വിമാനങ്ങൾക്ക് നേരെയാണ് ബോംബാക്രമണ ഭീഷണി ലഭിച്ചത്. ഇൻഡിഗോ വിമാനത്തിന്റെ ആറ് വിമാനങ്ങൾക്കും വിസ്താരയുടെ ആറ് വിമാനങ്ങൾക്കും ആകാസയുടെ ഒരു വിമാനത്തിനുമാണ് ഭീഷണി. കോഴിക്കോട് നിന്ന് ദമാമിലേക്ക് സർവീസ് നടത്തുന്നതാണ് ഭീഷണി നിലനിൽക്കുന്ന ഇൻഡിഗോയുടെ ഒരു വിമാനം. 6E 58 ജിദ്ദ-മുംബൈ, 6E 133പൂനെ-ജോധ്പുർ, 6E 112 ഗോവ അഹമ്മദാബാദ് തുടങ്ങിയ വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. വിസ്താരയുടെ സിംഗപ്പുർ-ഡൽഹി, സിംഗപ്പൂർ-പൂനെ, സിംഗപ്പൂർ-മുംബൈ, ഡൽഹി-ഫ്രാങ്ക്ഫർട്ട്, ബാലി-ഡൽഹി, മുംബൈ സിംഗപ്പൂർ എന്നീ വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാസ എയറിന്റെ ലഖ്നൗ-മുംബൈ വിമാനത്തിനാണ് ഭീഷണി. തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തര ലാൻഡിങ് നടത്തി.വിമാനങ്ങൾക്ക് കൂടാതെ കർണാടകത്തിലെ ബെലഗാവി വിമാനത്താവളത്തിന് നേരെയും ബോംബാക്രമണ ഭീഷണി ലഭിച്ചിട്ടുണ്ട്. എയർപോർട്ട് ഡെപ്യൂട്ടി ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പോലീസും സംയുക്ത പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. വ്യാജസന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ചെന്നൈയിൽ നിന്നുള്ള കേന്ദ്രത്തിൽ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.