തൃശ്ശൂർ:കൊടുംചൂടിനെ പോലും വകവെക്കാതെ എത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വിസ്മയംതീർത്ത് തൃശ്ശൂർ പൂരം. തെക്കോട്ടിറക്കത്തിന് ശേഷം തെക്കേഗോപുരനടയിൽ വൈകിട്ട് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ അഭിമുഖമായി അണിനിരന്ന് വർണാഭമായ കുടമാറ്റം. 30 മണിക്കൂർ നീണ്ട പൂരക്കാഴ്ചകളിൽ മുഴുകാൻ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമെത്തിയത് ആയിരങ്ങൾ.
കണിമംഗലം ക്ഷേത്രത്തിന്റെ എഴുന്നള്ളിപ്പാണ് ഞായറാഴ്ച പൂരനഗരിയിൽ ആദ്യം നടന്നത്. ഇതോടെ എട്ട് ഘടകപൂരങ്ങളോടെ പൂരക്കാഴ്ചകൾക്ക് തുടക്കമായി. പിന്നാലെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തിൽവരവ് ആരംഭിച്ചു. തുടർന്ന് പതിനഞ്ചാനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു ഇലഞ്ഞിത്തറമേളം. അതേസമയം, ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ മേളവും നടന്നു.
പാറമേക്കാവിൽ ഇത്തവണ എഴുന്നള്ളിപ്പ് നേരത്തെ ആയിരുന്നു. രാവിലെ 11.30-ന് പുറപ്പെട്ടപ്പോൾ ചെമ്പടമേളം അകമ്പടിയായി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറമേളമായി മാറിയത് ഈ മേളമാണ്.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയാണ് ഇത്തവണ തൃശ്ശൂർ പൂരം നടന്നത്. പ്രധാന വെടിക്കെട്ട് ഒഴിവാക്കുകയും കുടമാറ്റത്തിന്റെ സമയം കുറയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും കുടമാറ്റത്തിന് സാക്ഷ്യംവഹിക്കാൻ എത്തിയ ജനസാഗരത്തിന്റെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. പൂരത്തിലെ ഏറ്റവും വലിയ ജനസഞ്ചയം ഒന്നിക്കുന്നത് ഈ കുടമാറ്റം കാണാനാണ്
പകൽ മുഴുവൻ ചെമ്പട, പാണ്ടിമേളങ്ങൾ പൂരനഗരിയെ ത്രസിപ്പിച്ചു. പാറമേക്കാവ് രാത്രി പഞ്ചവാദ്യമാണ് പൂരപ്രേമികൾക്കായി ഒരുക്കുന്നത്. തിരുവമ്പാടിക്കും രാത്രി പതിനൊന്നരയ്ക്ക് പഞ്ചവാദ്യം ഉണ്ട്.
തിങ്കളാഴ്ചയാണ് പകൽ പൂരം. പൂരം കലാശിക്കുന്ന ദിവസമാണിത്. രാവിലെ വാദ്യമേളങ്ങളോടെ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പുകൾ ഉണ്ട്. ഇത് ശ്രീമൂലസ്ഥാനത്ത് സമാപിച്ച് ദേവിമാർ ഉപചാരംചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി പരിസമാപ്തിയാകും







