തൃശൂർ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും ബ്ലോക്ക് ചെയ്തതും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചത് പൊലീസാണ്. പൂരം നടത്തിപ്പില്‍ അകാരണമായി പൊലീസ് ഇടപെട്ടെന്നും അപക്വമായി പെരുമാറിയെന്നും സത്യവാങ്മൂലത്തില്‍ ഉണ്ട്. ക്ഷേത്ര പരിസരത്ത് പൊലീസ് ബൂട്ട് ധരിച്ച് കയറിയെന്നും തിരുവമ്ബാടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ, പൂരം അലങ്കോലമാക്കിയതില്‍ ബിജെപിയെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി കൊച്ചിൻ ദേവസ്വം ബോർഡും സത്യവാങ്മൂലം നല്‍കിയിരുന്നു.