ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും പാലക്കാടും കാസര്‍കോടും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പാലക്കാട്ട് സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെ എല്‍.ഡി.എഫിന്റെ നില വല്ലാതെ ശോഷിച്ചുപോയാലാണ് എല്‍.ഡി.എഫിന് വലിയ ക്ഷീണം സംഭവിച്ചു എന്നു പറയാനാവുക. പക്ഷേ, പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം കുറയുകയല്ല ചെയ്തത്. യു.ഡി.എഫ്. ആണ് ജയിച്ചത്. നേരത്തെ ജയിച്ചതും യു.ഡി.എഫാണ്. കഴിഞ്ഞ കുറച്ചുകാലമായി യു.ഡി.എഫ്. ജയിക്കുന്ന മണ്ഡലമാണ്. അവിടെ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം നല്ല നിലയില്‍ തന്നെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതാണ് പാലക്കാടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.