‘ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ജനങ്ങളുടെ ഇടയിലുണ്ടാകും; പി സരിൻ പാലക്കാട്ടെ യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും.അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തില് ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട് കണ്ടത് രാഹുലിന്റെ അപരാജിത കുതിപ്പാണ്. ആറാം റൗണ്ട് മുതലാണ് രാഹുൽ മാങ്കൂട്ടത്തിൽ കളം നിറഞ്ഞത്. പാലക്കാടിന്റെ ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാടെത്തിയ രാഹുൽ മാങ്കൂട്ടം ഷാഫിയുടെ പിൻഗാമിയായി.