തൃശൂർ: മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ രോഗി മൂന്നുപേരെ കുത്തിപരിക്കേൽപ്പിച്ചു. ആലുവയിൽ നിന്നെത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തടവുചാടിയത്. കോട്ടപ്പുറത്ത് ചൈതന്യ കോളേജിലെ വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ആദ്യം ഓടികയറിയത്. ഇത് പ്രതിരോധിക്കാൻ ശ്രമിച്ച വീട്ടുടമയായ മുരളിയെന്നയാളെ സൂരജ് ആദ്യം കുത്തി. പിന്നാലെ പടിഞ്ഞാറേക്കോട്ടയിലെത്തി. ഇവിടെ യുവാവിനെ കീഴ്‌പ്പെടുത്താൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നീ യുവാക്കളെയും കുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് സൂരജിനെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ആലുവ പൊലീസ് സൂരജിനെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചത്. മുരളിയെ തൃശൂരിലെ അശ്വനി ആശുപത്രിയിലും മറ്റുരണ്ടുപേരെ ജൂബിലി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സൂരജിനെ വീണ്ടും മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.










