പത്തനംതിട്ട വകയാറില്‍ ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീടിന് തീയിട്ടു. വകയാര്‍ കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്. ഇയാളുടെ പൊള്ളലേറ്റ ഭാര്യ രജനിയും ഇളയ മകനും പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന സിജു വീടിന് പുറത്തിറങ്ങുകയും വീടിന് തീയിടുകയുമായിരുന്നു. ശേഷം സിജു അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.അപകടത്തില്‍ രജനിക്ക് നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മുങ്ങിയ സിജുവിനെ പുലര്‍ച്ചെ നാലരയോടെ പ്രമാടം ഭാഗത്തുനിന്ന് കോന്നി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിജു പെയിന്ററാണ്. തിന്നര്‍ ഉള്‍പ്പെടെയുള്ളവ സിജു കൃത്യത്തിനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. സിജുവിന്റേയും രജനിയുടേയും രണ്ടാം വിവാഹമാണ്. രജനിയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.









