സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ ശിപാർശ ചെയ്ത് കേരള നിയമ പരിഷ്കരണ കമ്മീഷൻ. സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് നിയമത്തിൽ ഭേദഗതി വരുത്താനുള്ള ശിപാർശ. കരട് ഭേദഗതിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. 1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കരട് ബില്ലിലൂടെ കേരള നിയമ പരിഷ്കരണ കമ്മീഷൻ നിർദേശിക്കുന്നത്
നിലവിലെ നിയമപ്രകാരം സ്ത്രീധനം നൽകുന്നതും, വാങ്ങുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന കേസുകളിൽ പരാതി നൽകാൻ മടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്കരണ കമ്മീഷൻ പുതിയ ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കരട് ബിൽ നിർദ്ദേശിക്കുന്നു.
വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാരിന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഹരജി ഫെബ്രുവരി 11ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം, സ്ത്രീധനം വാങ്ങുന്നവർക്ക് തടവുശിക്ഷ അടക്കം നൽകാനും നിയമകമ്മീഷൻ ശുപാർശ ചെയ്തു.







