എക്സിറ്റ് പോളുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി ശരാശരി 150 സീറ്റുകൾ നേടും. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 125 സീറ്റും മറ്റുള്ളവർ 13 സീറ്റും നേടും. മഹാരാഷ്ട്ര നിയമസഭയിൽ 288 സീറ്റുകളാണുള്ളത്. ജാർഖണ്ഡിൽ എൻഡിഎ മുന്നണി ശരാശരി 39 സീറ്റും ഇന്ത്യ മുന്നണി 38 സീറ്റും മറ്റുള്ളവർ 4 സീറ്റും നേടും. 81 സീറ്റുകളാണ് ജാർഖണ്ഡിൽ. കടുത്ത മത്സരം നടക്കുമെന്ന സൂചനകളാണ് എക്സിറ്റ്‌പോളുകളിൽ. രണ്ട് സർവേകൾ നിലവിലെ സർക്കാർ തുടരുമെന്ന് പ്രവചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരു എക്സിറ്റ് പോൾ ഒഴികെ മറ്റെല്ലാവരും ബിജെപിക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യം അധികാരത്തിൽ കയറുമെന്ന് പ്രവചനം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി – മാർക്ക്, പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവർ നടത്തിയ സർവേ പ്രവചിക്കുന്നു.
ജാർഖണ്ഡിൽ പുറത്തുവന്ന ആറ് എക്സിറ്റ് പോളുകളിൽ നാലിലും മുൻതൂക്കം എൻഡിഎ സഖ്യത്തിനാണ്. മെട്രിസ്, പീപ്പിൾസ് പൾസ്, ചാണക്യ സ്ട്രാറ്റജീസ്, ടൈംസ് നൗ – ജെവിസി എന്നിവരാണ് എൻഡിഎ സഖ്യം അധികാരം നേടുമെന്ന് പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ, പി–മാർക്ക് എന്നിവയുടെ പ്രവചനം അനുസരിച്ച് ഇന്ത്യാ സഖ്യം അധികാരം പിടിക്കും.