കട്ടിളപ്പാളി കേസിൽ പതിമൂന്നാം പ്രതിയായ രാജീവർക്കെതിരെ ഗുരുതര പരാമർശങ്ങളുമായി SITയുടെ റിമാൻഡ് റിപ്പോർട്ട്. ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നെന്നും മറ്റു പ്രതികളോടൊപ്പം ചേർന്ന് ലാഭം ഉണ്ടാക്കിയെന്ന് SIT ആരോപിക്കുന്നു.
കട്ടിളപ്പാളി ഇറക്കിക്കൊണ്ട് പോയത് അനുമതിയോടെ അല്ലെങ്കിൽ ദേവസ്വം ബോർഡിനെ തന്ത്രി എന്തു കൊണ്ട് അക്കാര്യം അറിയിച്ചില്ലെന്ന് എസ് ഐ ടി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തന്ത്രി മൗനാനുവാദം കൊടുക്കുകയായിരുന്നു. തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് സാമ്പത്തിക ഇടപാടിലും അന്വേഷണം വേണം. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനാണ് തന്ത്രി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണം, പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെകുറിച്ച് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
അതേസമയം, തന്ത്രിയിൽ നിന്നും SIT മൊഴിയെടുത്തപ്പോൾ പോറ്റിയെ അറിയാമെന്നു തന്നെയായിരുന്നു തന്ത്രിയുടെ മറുപടി. പൂജാരിയുടെ സഹായി എന്ന നിലയിലും വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്ന നിലയിലും പരിചയമെന്നുമായിരുന്നു മൊഴി. എന്നാൽ മറ്റ് മൊഴികളുമായി വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ തന്ത്രിയുടെ കുറിപ്പും സംശയം ബാക്കിയാക്കി. ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നായിരുന്നു കുറിപ്പ്. എന്നാൽ സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത കുറിപ്പിലും ഉണ്ടായില്ലെന്ന് SIT അന്നേ വിലയിരുത്തി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ളവരുടെയും ദേവസ്വം ബോർഡ് മുൻ ഭാരവാഹികളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും അറസ്റ്റിനൊടുവിലാണ് തന്ത്രിയിലേക്ക് അന്വേഷണസംഘം എത്തിയത്. അന്വേഷണസംഘത്തിന് മേൽ സമ്മർദ്ദമില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. വിശ്വാസികൾ ക്ഷേത്രപ്രതിഷ്ഠയുടെ പിതൃസ്ഥാനീയനായി കരുതുന്നയാളാണ് തന്ത്രി. തന്ത്രിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ഉന്നതർ കുരുങ്ങുമോ എന്നാണ് ചോദ്യം







